Sunday 19 February 2017

ഗോപാലസ്തവം

 ഗോപാലസ്തവം 
കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ !
വൃഷ്ണി വംശ മഹാ മണേ !
വേണുവൂതി രമിക്കുമാമുഖ-
മെന്നുമോർമ്മയിൽ ചേർക്കണം. (കൃഷ്ണ കൃഷ്ണ)

ബാല ലീലകളാടിയാടി നീ
ഗോകുലങ്ങളിൽ വളരവേ
ലോകരേവരും കണ്ടു വിസ്മയം
നിന്റെയത്ഭുതലീലകൾ.

മണ്ണു വാരി നീ വായിലിട്ടതു
കണ്ടു വന്ന യശോദയെ
കാട്ടിയൻപൊടു വാ പൊളിച്ചു നീ
എഴുരണ്ടുലകങ്ങളെ.

കാല സർപ്പമാം കാളിയന്റെ
ശിരസ്സുലച്ച നിൻ വിക്രമം
കംസനെന്നൊരു ദാനവന്റെ
കരുത്തൊടുക്കിയനുക്രമം.

ഗിരിയുയർത്തി നിറഞ്ഞു നിന്നു നീ
മാരിയൊന്നു തടുക്കുവാൻ
ഗോകുലങ്ങളെ കാത്ത കണ്ണനെ
കൈകൾ കൂപ്പി സ്തുതിച്ചിടാം.
         
                 - അയ്യമ്പുഴ ഹരികുമാർ