Wednesday 22 February 2017

ആദ്യത്തെ മാമ്പഴം


ആദ്യത്തെ മാമ്പഴം

തെക്കെ മുറ്റത്ത് തെച്ചിക്കരുകിലായ്
അച്ഛൻ പണ്ടൊരു മാവു നട്ടു.
ഉച്ചവെയ് ലേറ്റു തളർന്ന തൈമാവിനെ
തെച്ചി തണലേകി താലോലിച്ചു
വെള്ളം നനച്ചു പൈദാഹമകറ്റി,യാ
മാവിനെ യെന്നമ്മ ഓമനിച്ചു.

ഓരോ ദിനങ്ങൾ കൊഴിഞ്ഞു വീണു
മാവിലോരോ ഇലകൾ പൊടിച്ചു വന്നു
നേർത്തുള്ള കൊമ്പു മുരത്തതായി '
ഓർത്താലതിശയമന്നുമിന്നും!

ഓരോ ഋതുക്കൾ കടന്നു പോയി
ഓരോരോ മാറ്റങ്ങൾ വന്നു പോയി
മാവു വളർന്നതിൽ പൂവു വന്നു.
മാദക ഗന്ധം പരത്തിനിന്നു
വണ്ടുകൾ കൂട്ടമായ് വന്നു ചേർന്നു
പൂമധുവേറെ നുകർന്നകന്നു.
പൂങ്കല മാങ്കുലയായിടുന്നു
മാങ്ങ പഴുത്തു മണം പകർന്നു
തെക്കൻ കാറ്റ് മണം നുകർന്നു
ആദ്യത്തെ മാമ്പഴം താഴെ വീണു!.

ആരാണെടുക്കുവാൻ ആരാണെടുക്കുവാൻ
തേന്മാവിൻ മർമ്മരം കാതിലെത്തി
തെക്കെ ഇറയത്തിരുന്നു കൊണ്ടെന്നച്ഛൻ
നോക്കുന്നു തേന്മാവിൽ നന്ദിപൂർവം!
എന്നുണ്ണിക്കണ്ണന്റെ കൈകളിൽ മാമ്പഴം!
കണ്ണുകൾക്കാനന്ദമേകിടുന്നു!

-അയ്യമ്പുഴ ഹരികുമാർ -
 2005 ആഗസ്റ്റ്